വയനാടിൻ്റെ സാമ്പത്തിക വളർച്ചയ്ക്ക് വേഗത വർധിപ്പിക്കാനും കാർഷിക രംഗത്തിന് ഉണർവേക്കാനും കഴിയുന്ന ഒരു സുപ്രധാന വാർത്തയാണ് പുറത്തുവന്നിട്ടുള്ളത്. വയനാടിൻ്റെ ജനപ്രതിനിധി പ്രിയങ്ക ഗാന്ധിയാണ് വിവരം പുറത്തുവിട്ടത്. ഇന്ത്യയുടെ ഒഡിഒപി (വൺ ഡിസ്ട്രിക്റ്റ് വൺ പ്രോഡക്റ്റ്)
പ്രോഗ്രാമിൽ കാർഷിക വിഭാഗത്തിൽ എ വിഭാഗത്തിൽ വയനാട് കാപ്പിക്ക് പ്രത്യേക പരാമർശവും എ ഗ്രേഡും ലഭിച്ചു എന്നതാണാ ശുഭവാർത്ത. കേരളത്തിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ പരിഗണിച്ചതിൽ ആദ്യം അംഗീകാരം ലഭിച്ചതും ജിഐ ടാഗ് ചെയ്ത വയനാടിൻ്റെ റോബസ്റ്റ കാപ്പിയ്ക്കാണ്.
വയനാട്ടിലെ കർഷകരുടെ സമർപ്പണത്തിന് ലഭിച്ച അംഗീകാരമാണിത് എന്ന് പ്രിയങ്ക ഗാന്ധി പ്രസ്താവിച്ചു. ചവയനാടിന്റെ സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണായി നമ്മുടെ ജിഐ-ടാഗ് ചെയ്ത റോബസ്റ്റ കാപ്പി മാറുമെന്നും പ്രിയങ്ക കുറിച്ചു.
ഇത് സാധ്യമാക്കിയ എല്ലാവർക്കും അഭിനന്ദനങ്ങൾ. നമ്മുടെ നാടിന്റെ സമ്പന്നതയെയും അവിടുത്തെ ജനങ്ങളുടെ ആത്മാഭിമാനത്തെയും പിന്തുണയ്ക്കുകയും ആഘോഷിക്കുകയും ചെയ്യണമെന്നും കുറിപ്പിൽ പറയുന്നു.
എന്താണ് ഒഡിഒപി ?
ഇന്ത്യയിലെ ഓരോ ജില്ലയിൽ നിന്നും ഒരു പ്രത്യേക ഉൽപ്പന്നം തിരഞ്ഞെടുത്ത്, ബ്രാൻഡ് ചെയ്ത്, പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രാദേശിക വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുക എന്നതാണ് വൺ ഡിസ്ട്രിക്റ്റ് വൺ പ്രോഡക്റ്റ് (ODOP) സംരംഭത്തിന്റെ ലക്ഷ്യം. സന്തുലിതമായ പ്രാദേശിക വികസനം വളർത്തുക, നിക്ഷേപം ആകർഷിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ആഭ്യന്തര, അന്തർദേശീയ വിപണികളിൽ പ്രാദേശിക ഉൽപ്പന്നങ്ങളുടെ മത്സരശേഷി വർദ്ധിപ്പിക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
250 വർഷത്തിലേറെയായി വയനാട്ടിൽ കാപ്പി കൃഷി ചെയ്തുവരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇന്ത്യയിൽ ബ്രിട്ടീഷുകാർ കാപ്പിത്തോട്ടങ്ങൾ നട്ടുപിടിപ്പിച്ചിരുന്നു. വയനാട്ടിലെ കാപ്പിത്തോട്ടങ്ങൾ എല്ലാം കൂടി 67,426 ഹെക്ടർ ഉണ്ടെന്നാണ് കണക്ക്. ജില്ലയിലെ മൊത്തം കൃഷിഭൂമിയുടെ 33.65 ശതമാനവും കാപ്പിയാണ് കൃഷി.
സമുദ്രനിരപ്പിൽ നിന്ന് 700 മുതൽ 2100 മീറ്റർ വരെ ഉയരത്തിലാണ് വയനാട് റോബസ്റ്റ കാപ്പി കൃഷി ചെയ്തിട്ടുള്ളത്. ശാസ്ത്രീയമായി കോഫിയ കനേഫോറ എന്നറിയപ്പെടുന്ന കാപ്പി ഇനമായ റോബസ്റ്റ മധ്യ, പടിഞ്ഞാറൻ സബ്-സഹാറൻ ആഫ്രിക്കൻ വക ഭേതമാണെന്നാണ് പറയപ്പെടുന്നത്.
Wayanad's Robusta Capicum gets A grade in ODOP program. First from Kerala